കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണു യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് ത്രീ കോച്ചിൽ അപകടം സംഭവിച്ചത്.
മംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്കു വീഴുകയായിരുന്നു.
പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതാക്കുറവിനെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.